ഉറക്കകുറവാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഉറക്കം എന്നത് മനുഷ്യന് അനിവാര്യമായ കാര്യമാണ്. എന്നിരുന്നാലും ഉറക്കമില്ല എന്നത് പലരുടേയും പ്രധാന പരാതിയാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. ഉറക്കമില്ലായ്മയും അല്ലെങ്കില്‍ വൈകി ഉറങ്ങുന്നതും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാം.
നിങ്ങളുടെ പ്രതിരോധശേഷിയെ പോലും അത് ബാധിക്കും. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഉറക്കമില്ലായ്മയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് പാല്‍. ഇതില്‍ വൈറ്റമിന്‍ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു.
ഉറങ്ങുന്നതിന് മുമ്പ് ചെറു ചൂടുള്ള പാല്‍ കുടിക്കുന്നത് മനസിനേയും ശരീരത്തേയും റിലാക്സ് ചെയ്യാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നു. ഉറങ്ങാന്‍ കിടക്കും മുന്‍പ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ ചിന്തിക്കരുത്. എല്ലാ ദിവസവും ഒരു സമയത്തു തന്നെ ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പ് കുളിക്കുക. ചെറിയ ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉറക്കം വേഗം വരാന്‍ സഹായിക്കും. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുക. രാത്രിയില്‍ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.